തിരുവനന്തപുരം: തടവുകാരുടെ ആരോഗ്യവും ഭക്ഷണച്ചെലവും പരിഗണിച്ച് കേരളത്തിലെ ജയിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പ് ശുപാർശ നൽകി. ശനിയാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും നൽകിവരുന്ന മട്ടൻ മെനുവിൽ നിന്ന് ഒഴിവാക്കാനാണ് നിർദേശം.
മട്ടൻ കഴിക്കുന്നത് കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന ഡോക്ടർമാരുടെ നിർദേശവും പരിഗണിച്ചാണ് തീരുമാനം. ജയിലുകളിൽ കഴിയുന്ന പല തടവുകാരും ആവശ്യമായ വ്യായാമത്തിൽ ഏർപ്പെടുന്നില്ലെന്നും ഇത് ജീവിതശൈലീരോഗങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്നും ജയിൽ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം സെൻട്രൽ ജയിലിലെ ഏകദേശം 1,600 തടവുകാരിൽ 869 പേർ വിവിധ രോഗങ്ങൾക്ക് ദിവസേന മരുന്ന് കഴിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. മട്ടൻ ഒഴിവാക്കുന്നതിലൂടെ പ്രതിവർഷം 5.72 കോടി രൂപ ലാഭിക്കാമെന്നാണ് ജയിൽ വകുപ്പിന്റെ കണക്ക്.
മട്ടന് പകരം മുട്ടയും സോയയും ഉൾപ്പെടെയുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ മെനുവിൽ ഉൾപ്പെടുത്താനാണ് നിർദേശം. അതേസമയം, മീൻ ഒഴിവാക്കാൻ നിലവിലെ ശുപാർശയിൽ നിർദേശിച്ചിട്ടില്ലെന്ന് ജയിൽ മേധാവി ഡിജിപി എസ്. ശ്രീജിത്ത് വ്യക്തമാക്കി.
നിലവിലെ പ്രധാന മെനു
- ശനി ഉച്ചയ്ക്ക്: മട്ടൻ
- തിങ്കൾ, ബുധൻ: മീൻ കറി
- മറ്റ് ദിവസങ്ങളിൽ: പച്ചക്കറി കറികൾ
- പ്രഭാതഭക്ഷണം: ചപ്പാത്തി/ഉപ്പുമാവ്/ഇഡ്ഡലി
- അത്താഴം: ചോറും പച്ചക്കറി കറിയും
- എല്ലാ ദിവസവും വൈകിട്ട്: ചായ
