സർക്കാർ രൂപീകരിക്കാൻ സതീശനെ ക്ഷണിച്ച് ഗവർണർ; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഗവർണർ രാജേന്ദ്ര അർലേക്കർ ഔദ്യോഗികമായി ക്ഷണിച്ചു. തിരുവനന്തപുരത്ത് നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് പിന്നാലെ രാജ്ഭവനിലെത്തിയ സതീശൻ ഗവർണറെ കണ്ട് എംഎൽഎമാരുടെ പിന്തുണക്കത്ത് കൈമാറി. സണ്ണി ജോസഫ് അവതരിപ്പിക്കുകയും തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങുകയും ചെയ്ത പ്രമേയത്തിലൂടെയാണ് സതീശനെ നിയമസഭാ കക്ഷി നേതാവായി ഐകകണ്ഠേന തിരഞ്ഞെടുത്തത്. തിങ്കളാഴ്ച പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കും. തുടർന്ന് 21-ാം തീയതി നിയമസഭ ചേരുമ്പോൾ എല്ലാ എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.​

തിങ്കളാഴ്ചയ്ക്ക് മുൻപായി മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളെയും തീരുമാനിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ് നേതൃത്വം. മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന രീതിയിലാകും ചടങ്ങുകൾ ക്രമീകരിക്കുക. നിയമസഭാ കക്ഷി യോഗത്തിൽ എഐസിസി തീരുമാനം ദീപാദാസ് മുൻഷിയാണ് ആദ്യം അറിയിച്ചത്. തുടർന്ന് മുകുൾ വാസ്നിക്, സണ്ണി ജോസഫ് എന്നിവർ സംസാരിച്ചു. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്ന ഒരു സദ്ഭരണം കാഴ്ചവെക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വി.ഡി. സതീശൻ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.​

യോഗത്തിൽ പാർട്ടിക്കുള്ളിലെ ഐക്യത്തിനും നേതാക്കളുടെ പങ്കിനും സതീശൻ പ്രത്യേക പ്രാധാന്യം നൽകി. കെ.സി. വേണുഗോപാലിന്റെ സേവനങ്ങളെ എടുത്തുപറഞ്ഞ അദ്ദേഹം, മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി അദ്ദേഹത്തോട് കേരളത്തിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. രമേശ് ചെന്നിത്തലയെ ‘തങ്ങളുടെ നേതാവ്’ എന്ന് വിശേഷിപ്പിച്ച സതീശൻ, എഐസിസി നിരീക്ഷകർക്കും നന്ദി അറിയിച്ചു. സതീശന്റെ നേതൃപാഠവത്തെ പുകഴ്ത്തിയ മുകുൾ വാസ്നിക്, തിരഞ്ഞെടുപ്പ് വിജയത്തിൽ കെ.സി. വേണുഗോപാലിന്റെ അധ്വാനവും രമേശ് ചെന്നിത്തലയുടെ അനുഭവസമ്പത്തും വലിയ കരുത്തായെന്ന് ഓർമ്മിപ്പിച്ചു.