തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കും. ലിറ്ററിന് ആറ് രൂപയുടെ വർധനവ് ആവശ്യപ്പെട്ടുകൊണ്ട് ഈ മാസം 29-ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗം അന്തിമ തീരുമാനമെടുത്തേക്കും. വില വർധന നടപ്പിലാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഡയറക്ടർ ബോർഡ് അംഗങ്ങൾ മിൽമ ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധത്തിലാണ്.
വില കൂട്ടാതെ നിലവിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും വർധന അനിവാര്യമാണെന്നും മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി. വില വർധിപ്പിക്കാൻ മിൽമയ്ക്ക് അധികാരമുണ്ടെങ്കിലും ഇക്കാര്യം സർക്കാരിനെ അറിയിച്ച് അഭിപ്രായം തേടേണ്ടതുണ്ട്. നേരത്തെ സർക്കാരിന് കത്ത് നൽകിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാൽ വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല.
ഈ സാഹചര്യത്തിൽ സർക്കാരിന് വീണ്ടും കത്ത് നൽകുമെന്ന് ചെയർമാൻ അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി പാലിന് വില കൂട്ടിയിട്ടില്ലെന്നും, നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ വില വർധനയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നുമാണ് മിൽമയുടെ നിലപാട്. 29-ന് നടക്കുന്ന നിർണായക യോഗത്തിന് ശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകും.
