ദില്ലി: വനിതാ സംവരണ ബില്ലിനെച്ചൊല്ലി പാർലമെന്റിൽ തർക്കം മുറുകുന്നതിനിടെ, ബില്ലിനെ അനുകൂലിച്ച് മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലും ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും രംഗത്തെത്തി. നാളെ ബില്ല് ചർച്ചയ്ക്കെടുക്കാനിരിക്കെ സർക്കാരിന് വലിയ പിന്തുണയാണ് ഇവരിൽ നിന്ന് ലഭിച്ചിരിക്കുന്നത്. എന്നാൽ, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ സമവായ നിർദ്ദേശങ്ങൾ പ്രതിപക്ഷം തള്ളിയതോടെ രാഷ്ട്രീയ പോര് കടുക്കുകയാണ്. തുടർനടപടികൾ ആലോചിക്കാനായി പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് മൂന്ന് മണിക്ക് ചേരും.
ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങളിൽ പകുതി സീറ്റുകൾ വീതം വർദ്ധിപ്പിക്കുമെന്ന് സർക്കാർ ആദ്യം വാഗ്ദാനം നൽകിയിരുന്നെങ്കിലും നിലവിലെ ബില്ലിൽ അത്തരമൊരു നിർദ്ദേശമില്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പ്രധാനമന്ത്രി നൽകിയ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ടുപോയി കളവ് പറയുകയാണെന്നാണ് കോൺഗ്രസിന്റെ കുറ്റപ്പെടുത്തൽ. എന്നാൽ, മണ്ഡല പുനർനിർണ്ണയ കമ്മീഷൻ വഴി ഫോർമുല നിശ്ചയിക്കുമെന്നും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം കുറയുന്ന സാഹചര്യം ഉണ്ടാകില്ലെന്നുമാണ് സർക്കാരിന്റെ വാദം.
ബില്ലിനെ പിന്തുണച്ചുകൊണ്ട് മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീൽ രംഗത്തെത്തിയത് കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. ഇതൊരു ചരിത്രപരമായ ബില്ലാണെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നുമാണ് അവരുടെ നിലപാട്. മായാവതിയും സമാനമായ നിർദ്ദേശമാണ് മുന്നോട്ടുവെച്ചത്. ബില്ല് പാസ്സാകാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം അത്യാവശ്യമാണ്. അതിനാൽ തന്നെ, നാളെ ചർച്ചയിൽ പ്രധാനമന്ത്രി നൽകുന്ന ഉറപ്പുകളിൽ പ്രതിപക്ഷം തൃപ്തരാകുമെന്നും ബില്ല് പാസ്സാക്കാൻ സഹകരിക്കുമെന്നുമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
