ടിസിഎസ് നാസിക് കേസ്: പീഡനത്തിന്റെയും മതപരമായ നിർബന്ധിക്കലിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ

നാസിക്: പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ നാസിക്കിലെ ബിപിഒ കേന്ദ്രത്തിൽ സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരമായ അനുഭവങ്ങൾ വെളിപ്പെടുത്തി പെൺകുട്ടികൾ രംഗത്ത്. ലൈംഗിക അതിക്രമങ്ങൾക്കും അശ്ലീല ആംഗ്യങ്ങൾക്കും പുറമെ, നിർബന്ധിത നമസ്‌കാരം, മതപരിവർത്തന ശ്രമങ്ങൾ എന്നിവയും നടന്നതായാണ് പോലീസ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നത്. 18 നും 25 നും ഇടയിൽ പ്രായമുള്ള എട്ട് വനിതാ ജീവനക്കാരും ഒരു പുരുഷ ജീവനക്കാരനുമാണ് പരാതി നൽകിയിരിക്കുന്നത്.​

വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുക, ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുക, അശ്ലീല ആംഗ്യങ്ങൾ കാണിക്കുക തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. 2022 മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ നിരന്തരമായി പീഡനം നടന്നതായാണ് റിപ്പോർട്ട്.

ഇതര മതസ്ഥരായ പെൺകുട്ടികളെ കൊണ്ട് നിർബന്ധിതമായി നമസ്‌കാരം ചെയ്യിപ്പിക്കുകയും കൽമ ചൊല്ലിപ്പിക്കുകയും ചെയ്തിരുന്നതായി എഫ്‌ഐആറിൽ പറയുന്നു. ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുകയും സസ്യാഹാരികളായ ജീവനക്കാരെ നിർബന്ധപൂർവ്വം മാംസാഹാരം കഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ജീവനക്കാർക്ക് നേരെ നിരന്തരം ലൈംഗിക ചുവയുള്ള സംസാരവും മോശം പെരുമാറ്റവും പ്രതികളുടെ ഭാഗത്തുനിന്നുണ്ടായി.​

സംഭവത്തിൽ ആസിഫ് അൻസാരി, ഡാനിഷ്, ഷാഫി ഷെയ്ഖ്, ഷാരൂഖ് ഖുറേഷി, റാസ മേമൻ, തൗസിഫ് അത്താർ ഉൾപ്പെടെയുള്ള ഏഴ് ജീവനക്കാരെ നാസിക് പോലീസ് അറസ്റ്റ് ചെയ്തു. പരാതികൾ അവഗണിച്ചുവെന്ന ആരോപണത്തിൽ കമ്പനിയിലെ എച്ച്ആർ മാനേജർ അശ്വിനി ചൈനാനിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ മറ്റൊരു പ്രതിയായ നിദാ ഖാൻ ഒളിവിലാണ്.​

നാസിക് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം (SIT) 40 ദിവസത്തോളം രഹസ്യമായി കമ്പനിക്കുള്ളിൽ നിരീക്ഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ ടിസിഎസ് മാനേജ്‌മെന്റ് ഖേദം പ്രകടിപ്പിക്കുകയും കുറ്റാരോപിതരായ എട്ട് ജീവനക്കാരെയും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.