മെസിയെ കേരളത്തിലെത്തിക്കാനുള്ള നീക്കം വ്യാജമെന്ന് കായിക വകുപ്പ്; കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി സംശയം

തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി സംശയിക്കുന്നതായി കായിക വകുപ്പിന്റെ റിപ്പോർട്ട്. ട്വന്റിഫോറിന് ലഭിച്ച റിപ്പോർട്ടിന്റെ പകർപ്പിലാണ് ഗുരുതരമായ കണ്ടെത്തലുകളും ശുപാർശകളും ഉൾപ്പെട്ടിരിക്കുന്നത്.

മെസിയെ കേരളത്തിലെത്തിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും അർജന്റീന ഫുട്ബോൾ അസോസിയേഷനും (AFA) ഇടയിൽ ഒപ്പുവച്ച കരാറിന്റെ രേഖകൾ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. സ്പോൺസറും സർക്കാരും തമ്മിൽ ഒപ്പുവച്ച എഗ്രിമെന്റും ലഭ്യമല്ല. അതിനാൽ തന്നെ മെസിയെ കേരളത്തിലെത്തിക്കാനുള്ള നീക്കത്തിന് ആവശ്യമായ നിയമസാധുത ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

നീക്കം വ്യാജമായിരുന്നുവെന്നും ക്രിമിനൽ കുറ്റങ്ങളും സാമ്പത്തിക തട്ടിപ്പും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. സംഭവത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം ആവശ്യമായേക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഫിഫയുടെ അംഗീകാരമില്ലാതെയാണ് മെസിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനം നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് പ്രഖ്യാപനം നടത്തിയതെന്നും മുൻ കായിക മന്ത്രി ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. കൊച്ചിയിലെ കലൂർ സ്റ്റേഡിയം സ്പോൺസർമാർക്ക് കൈമാറിയതിലും നടപടിക്രമപരമായ വീഴ്ചകളുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അർജന്റീന ഫുട്ബോൾ അസോസിയേഷന് 1.5 കോടി യുഎസ് ഡോളർ (ഏകദേശം 126 കോടി രൂപ) നൽകിയതായി സ്പോൺസർ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ തുക എഎഫ്എയ്ക്ക് കൈമാറിയതിന്റെയോ എഎഫ്എ പണം സ്വീകരിച്ചതിന്റെയോ രേഖകൾ സർക്കാരിന് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് തയ്യാറാക്കിയ റിപ്പോർട്ട് രണ്ടാഴ്ച മുൻപ് തുടർനടപടികൾക്കായി മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയതായാണ് വിവരം.

റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവമുള്ളതാണെന്നും തുടർനടപടികളിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്നും കായിക യുവജനകാര്യ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് വ്യക്തമാക്കി. നിലവിൽ കായിക വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവകരമാണെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.