അമ്പലപ്പുഴയിൽ സ്വതന്ത്രനായി ജി. സുധാകരൻ; സിപിഎമ്മിന് കടുത്ത പ്രഹരം

​അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാർത്തകൾക്കിടെ വിശദീകരണവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരൻ രംഗത്തെത്തി. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് വിളിച്ചു ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. താൻ മത്സരിക്കുമെന്ന കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നുവെന്നും ആരോടും പറഞ്ഞിട്ടില്ല. എം.എ. ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം വെറും പ്രചാരണങ്ങൾ മാത്രമാണ്,” സുധാകരൻ വ്യക്തമാക്കി.​തന്റെ രാഷ്ട്രീയ പാരമ്പര്യം വിശദീകരിച്ച അദ്ദേഹം, ആരും നിർബന്ധിച്ചിട്ടല്ല ഹൈസ്കൂൾ കാലത്ത് പാർട്ടിയിൽ ചേർന്നതെന്ന് ഓർമ്മിപ്പിച്ചു. മൂന്നാഴ്ച മുൻപ് മെമ്പർഷിപ്പ് പുതുക്കാൻ ആളുവന്നപ്പോൾ അത് ചെയ്തില്ലെന്നത് സത്യമാണെന്നും, ഒരു ജില്ലാ കമ്മിറ്റി അംഗമാണ് ആ വിവരം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പാർട്ടിക്കുള്ളിൽ താൻ നേരിടുന്ന അവഗണനയെയും വിമർശിച്ചു. “പാര്‍ട്ടി ജീവിതം നയിക്കുന്ന എന്നെ വ്യക്തിഹത്യ ചെയ്തു. എന്റെ അച്ഛനെക്കുറിച്ച് വരെ ചില പാര്‍ട്ടി അംഗങ്ങള്‍ മോശമായി പറഞ്ഞു. മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത്,” സുധാകരൻ തുറന്നടിച്ചു.​സജി ചെറിയാനെതിരെയും അദ്ദേഹം പരോക്ഷ വിമർശനമുന്നയിച്ചു. “ഭരണഘടനയെ കുന്തം, കുടചക്രം എന്നൊന്നും ഞാൻ പറയില്ല. യഥാര്‍ത്ഥ പാര്‍ട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും. സ്ഥാനത്ത് എത്രകാലം ഇരുന്നു എന്നല്ല, അവിടെയിരുന്ന് എന്ത് ചെയ്തു എന്നാണ് നോക്കേണ്ടത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.