ഉദുമയിൽ ക്യാമറക്കണ്ണടയുമായി യുഡിഎഫ് ഏജന്റ് ബൂത്തിലെത്തി; കണ്ണട പിടിച്ചെടുത്ത് പോലീസ്

കാസർഗോഡ്: ഉദുമ മണ്ഡലത്തിലെ പോളിംഗ് ബൂത്തിൽ ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെതിരെ നടപടി. ഉദുമയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഇലക്ഷൻ ഏജന്റായ ബി.എം. ജമാലാണ് വിവാദമായ കണ്ണടയുമായി ബൂത്തിലെത്തിയത്. ബേക്കൽ ഇസ്ലാമിയ എഎൽപി സ്കൂളിലെ 165-ാം നമ്പർ ബൂത്തിലായിരുന്നു സംഭവം. ജമാൽ ധരിച്ചിരുന്ന കണ്ണടയിൽ രഹസ്യ ക്യാമറയുണ്ടെന്ന് കണ്ടെത്തിയതോടെ എൽഡിഎഫ് പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.​

സംഭവത്തെത്തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ ഉടലെടുത്തെങ്കിലും പ്രിസൈഡിംഗ് ഓഫീസറും പോലീസും ചേർന്ന് സ്ഥിതിഗതികൾ ശാന്തമാക്കി. ബി.എം. ജമാൽ ധരിച്ചിരുന്ന ക്യാമറക്കണ്ണട പോലീസ് പിടിച്ചെടുത്തു. എന്നാൽ, താൻ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയാണിതെന്നും അതിൽ ക്യാമറയുള്ള കാര്യം ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് ജമാൽ നൽകിയ വിശദീകരണം. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായതിനാൽ അധികൃതർ വിഷയത്തിൽ കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.