​ഡോ. റാം സ്ഥിരം പ്രശ്നക്കാരൻ; വിദ്യാർത്ഥികളെ കൊണ്ട് തല്ലിക്കുമായിരുന്നു: അഞ്ചരക്കണ്ടിയിൽ വെളിപ്പെടുത്തലുമായി വിദ്യാർത്ഥികൾ

കണ്ണുർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ, ആരോപണവിധേയനായ ഡോ. എം.കെ. റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി സഹപ്രവർത്തകരും വിദ്യാർത്ഥികളും രംഗത്തെത്തി. ഡോ. റാം കോളേജിലെ സ്ഥിരം പ്രശ്നക്കാരനാണെന്നും വിദ്യാർത്ഥികളോട് അങ്ങേയറ്റം മോശമായ രീതിയിലാണ് പെരുമാറിയിരുന്നതെന്നും ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥികൾ ആരോപിക്കുന്നു.​

വിദ്യാർത്ഥികളെ മാനസികമായി തകർക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ഇയാളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. സ്ഥിരമായി മോശം ഭാഷ ഉപയോഗിക്കുകയും വിദ്യാർത്ഥികളെ ബോഡി ഷെയ്മിംഗിന് ഇരയാക്കുകയും ചെയ്യുന്നത് ഡോ. റാമിന്റെ പതിവായിരുന്നു. ഇതിനുപുറമെ, ആൺകുട്ടികളെക്കൊണ്ട് പെൺകുട്ടികളെ തല്ലിക്കുന്ന വിചിത്രമായ ശിക്ഷാരീതികളും ഇയാൾ നടപ്പിലാക്കിയിരുന്നതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തി.​

നേരത്തെയും സമാനമായ പരാതികളെത്തുടർന്ന് രണ്ട് തവണ ഡോ. റാമിനെ സസ്പെൻഡ് ചെയ്തിരുന്നുവെന്ന വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. നിതിന്റെ മരണത്തിന് പിന്നിലെ കാരണങ്ങൾ അന്വേഷിക്കുമ്പോൾ അധ്യാപകന്റെ ഈ ക്രൂരമായ പെരുമാറ്റങ്ങൾ നിർണ്ണായക തെളിവുകളാകുമെന്നാണ് വിദ്യാർത്ഥികൾ വിശ്വസിക്കുന്നത്.