ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പൂർത്തിയാകും. കൊല്ലപ്പെട്ടത് മേരിക്കുട്ടി (70), മകൻ റെജി (45) എന്നിവരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ഇവരുടേത് തന്നെയാണെന്ന് ഉറപ്പിക്കാനായി ഡിഎൻഎ പരിശോധനയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, 2018 മുതൽ കാണാതായ മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിന്റെ തിരോധാനം വീണ്ടും അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു. സമാനമായ സാഹചര്യത്തിലായിരുന്നു അന്ന് മാത്യുവിനെയും കാണാതായത്. നിലവിലെ ഇരട്ടക്കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.
കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മേരിക്കുട്ടിയുടെ ഇളയ മകൻ സജിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് ഇയാൾക്കായി തെരച്ചിൽ നടത്തുന്നത്. സജിയെ കണ്ടെത്തുന്നതോടെ മാത്യുവിന്റെ തിരോധാനമടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
