ചെന്നൈ: തമിഴ്നാട്ടിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകി TVK സർക്കാർ. ഇതിന്റെ ഭാഗമായി ‘അറിവകം’ (Arivagam) എന്ന പേരിൽ AI കേന്ദ്രീകരിച്ചുള്ള പുതിയ നഗരമേഖല വികസിപ്പിക്കാനുള്ള പദ്ധതിയാണ് സർക്കാർ പരിഗണിക്കുന്നത്.
AI സാങ്കേതികവിദ്യയെ ഭരണസംവിധാനത്തിലും വ്യവസായ മേഖലയിലും കൂടുതൽ വ്യാപകമായി ഉപയോഗപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി വിവിധ മേഖലകളിൽ AI Centres of Excellence സ്ഥാപിക്കാനും പദ്ധതിയുണ്ട്. മെഡിസിൻ, കൃഷി, നിർമ്മാണം, തമിഴ് ഭാഷാ സാങ്കേതികവിദ്യ, കാലാവസ്ഥാ ശാസ്ത്രം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും AI കേന്ദ്രങ്ങൾ പരിഗണിക്കുന്നത്.
അറിവകം AI ഗവേഷണം, ഡിജിറ്റൽ നവീകരണം, നൂതന നിർമ്മാണം എന്നിവയുടെ പ്രധാന കേന്ദ്രമായി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. AI സർവകലാശാല, അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ വികസന കേന്ദ്രം, സെമികണ്ടക്ടർ ടെസ്റ്റിംഗ് സൗകര്യങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായേക്കും.
സർക്കാർ വകുപ്പുകളിലെ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി AI അധിഷ്ഠിത ഭരണസംവിധാനവും വികസിപ്പിക്കാനാണ് സർക്കാർ നീക്കം. ഓരോ വകുപ്പിലും AI ഉപയോഗം ഏകോപിപ്പിക്കുന്ന സംവിധാനങ്ങൾ കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്.
