നീറ്റ് യുജി പരീക്ഷ റദ്ദാക്കി; പുനഃപരീക്ഷ ഉടൻ, ചോദ്യപ്പേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം

ദില്ലി: ചോദ്യപ്പേപ്പർ ക്രമക്കേട് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ വർഷത്തെ നീറ്റ് യുജി (NEET UG) മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) ഈ നിർണ്ണായക തീരുമാനം. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസ്യത വീണ്ടെടുക്കുന്നതിനായി എത്രയും വേഗം പുനഃപരീക്ഷ നടത്തുമെന്ന് സർക്കാർ അറിയിച്ചു.​പുനഃപരീക്ഷയ്ക്കായുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. വിദ്യാർത്ഥികൾക്ക് പുതിയ ഹാൾടിക്കറ്റുകൾ ഉടൻ ലഭ്യമാക്കുമെന്നും എന്നാൽ ഒരിക്കൽ പരീക്ഷയെഴുതിയവർ വീണ്ടും രജിസ്ട്രേഷൻ നടത്തുകയോ ഫീസ് അടയ്ക്കുകയോ ചെയ്യേണ്ടതില്ലെന്നും എൻടിഎ വ്യക്തമാക്കി. പരീക്ഷാ നടപടികളിൽ വ്യാപകമായ കൃത്രിമം നടന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.​

സംഭവത്തിൽ സമഗ്രമായ അന്വേഷണം ഉറപ്പാക്കാൻ കേസ് സിബിഐക്ക് വിട്ടിട്ടുണ്ട്. അന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് പരീക്ഷ റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സുതാര്യമായ രീതിയിൽ പരീക്ഷ വീണ്ടും നടത്താനാണ് സർക്കാരിന്റെ നീക്കം.