ഇന്ധന ഉപഭോഗം കുറയ്ക്കാൻ മാതൃകയായി പ്രധാനമന്ത്രി; സുരക്ഷാ വാഹനവ്യൂഹം പകുതിയാക്കി

രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സ്വന്തം സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി. പശ്ചിമേഷ്യൻ യുദ്ധം സൃഷ്ടിച്ച ഊർജ്ജ പ്രതിസന്ധി കണക്കിലെടുത്ത്, പെട്രോൾ-ഡീസൽ ഉപഭോഗം കുറയ്ക്കാനും സാധ്യമാകുന്ന ഇടങ്ങളിൽ ‘വർക്ക് ഫ്രം ഹോം’ രീതി പിന്തുടരാനും അനാവശ്യ വിദേശയാത്രകൾ ഒഴിവാക്കാനും അദ്ദേഹം നേരത്തെ പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം സുരക്ഷാ സന്നാഹങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി പ്രധാനമന്ത്രി മാതൃകയായത്.​

സുരക്ഷാ വ്യൂഹത്തിൽ പരമാവധി ഇലക്ട്രിക് വാഹനങ്ങൾ (EV) ഉപയോഗിക്കണമെന്നും പുതിയവ വാങ്ങുന്നതിന് പകരം നിലവിലുള്ളവ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതിനെത്തുടർന്ന് എസ്പിജി (SPG) വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ ആരംഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രിയുടെ പാത പിന്തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാജസ്ഥാൻ മുഖ്യമന്ത്രിയും തങ്ങളുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു.​

സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിൽ എംഎൽഎമാരുടെ പഠനയാത്രകൾ റദ്ദാക്കി. കൂടാതെ, ഇറക്കുമതി നിയന്ത്രിക്കുന്നതിനായി സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തുകയും ചെയ്തു. ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി ഉത്തർപ്രദേശിൽ ആഴ്ചയിൽ രണ്ട് ദിവസം ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന.