തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് തുടങ്ങിയ ചില വകുപ്പുകളിലാണ് നിലവിൽ തർക്കങ്ങളുള്ളതെന്നും എന്നാൽ ഇവ ഇന്നത്തോടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഘടകകക്ഷികളുമായുള്ള തർക്കങ്ങൾ പരിഹരിക്കുമ്പോൾ പാർട്ടിക്കകത്തും ചില വകുപ്പ് മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്നലെയാണ് കഴിഞ്ഞത്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ ആരോഗ്യ വകുപ്പാണ് മുരളീധരന് നൽകാൻ നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ വൈദ്യുതി വകുപ്പായിരുന്നു അദ്ദേഹത്തിനായി നിശ്ചയിച്ചിരുന്നതെങ്കിലും മുരളീധരൻ ഇതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ആരോഗ്യ വകുപ്പ് നൽകാമെന്ന ധാരണയിലെത്തിയത്. സർക്കാർ ആശുപത്രികളിൽ ജനങ്ങൾക്ക് മികച്ച ചികിത്സയും ആവശ്യത്തിന് മരുന്നുകളും ലഭ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കൽ കോളേജ് സ്ഥാപിക്കുക എന്നത് മറ്റൊരു പ്രധാന ലക്ഷ്യമാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി. വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ വന്ന ശേഷം ബാക്കി കാര്യങ്ങൾ വിശദമായി ജനങ്ങളോട് വിശദീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
