ദില്ലി: രാജ്യത്തെ നടുക്കിയ 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാരിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വെച്ച് വ്യാഴാഴ്ച അജ്ഞാതരുടെ വെടിയേറ്റാണ് ഇയാൾ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഭീകര പട്ടികയിലുള്ള ഹംസ ബുർഹാൻ ‘അൽ ബദർ’ എന്ന നിരോധിത ഭീകര സംഘടനയിലെ സജീവ അംഗമായിരുന്നു.
പുൽവാമ സ്വദേശിയായ ഇയാൾ ഭീകരർക്കിടയിൽ ‘ഡോക്ടർ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തുടർന്ന്, 2022-ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ ഔദ്യോഗികമായി ഭീകരനായി പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച മുസാഫറാബാദിൽ വെച്ച് ഒരു സംഘം അജ്ഞാതർ ബുർഹാന് നേരെ പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നു. ശരീരത്തിൽ ഒന്നിലധികം വെടിയുണ്ടകൾ ഏറ്റ ഹംസ ബുർഹാൻ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. സമീപകാലത്തായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഇന്ത്യ തിരയുന്ന നിരവധി ഭീകരർ സമാനമായ രീതിയിൽ അജ്ഞാത സംഘങ്ങളാൽ കൊല്ലപ്പെട്ടിട്ടുണ്ട്.
