ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര ചെയ്ത യുവതി, റെയിൽവേ ടിക്കറ്റ് എക്സാമിനറെ (ടിടിഇ) മർദിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ഫറോക്കിനും കുറ്റിപ്പുറത്തിനുമിടയിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. ഫറോക്കിൽ നിന്ന് കുറ്റിപ്പുറത്തേക്ക് ജനറൽ ടിക്കറ്റെടുത്ത് കയറിയ യുവതി എസ്5 (S5) റിസർവ്ഡ് കമ്പാർട്ട്മെന്റിലായിരുന്നു യാത്ര ചെയ്തിരുന്നത്.
റെയിൽവേ സ്റ്റേഷൻ പിന്നിട്ടതിന് പിന്നാലെ പരിശോധനയ്ക്കെത്തിയ പാലക്കാട് ഡിവിഷനിലെ ടിടിഇ സുജിത്ത് യുവതിയോട് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. കൈവശമുള്ളത് ജനറൽ ടിക്കറ്റായതിനാൽ റിസർവ്ഡ് കമ്പാർട്ട്മെന്റിൽ നിന്ന് മാറി വനിതാ കോച്ചിലേക്ക് പ്രവേശിക്കാൻ ടിടിഇ ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ പ്രകോപിതയായ യുവതി ടിടിഇയെ മർദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തെ തുടർന്ന് ടിടിഇ സുജിത്ത് ഷൊർണൂർ റെയിൽവേ പൊലീസിൽ പരാതി നൽകിയ ശേഷം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, ടിടിഇ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവതിയും ഷൊർണൂർ റെയിൽവേ പൊലീസിനെ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ ഇരു കൂട്ടരുടെയും പരാതികൾ പരിഗണിച്ച് ഷൊർണൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
