കല്ലമ്പലത്ത് യുവതി സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

കല്ലമ്പലം: നാവായിക്കുളം കുടവൂർ കണ്ണത്തുകോണം കൈലാസത്തിൽ ശശിധരൻപിള്ളയുടെയും സ്നേഹലതയുടെയും മകളും, മനോജിന്റെ ഭാര്യയുമായ വിദ്യ (37), കൊച്ചുമോൾ എന്നറിയപ്പെടുന്ന യുവതി സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച (20) വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം.പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യ നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയശേഷം, സ്കൂട്ടിയിൽ നിറയ്ക്കാനായി വാങ്ങി സൂക്ഷിച്ചിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പൊള്ളലേറ്റ വിദ്യയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 8.15ഓടെ ചികിത്സയ്ക്കിടെ മരിച്ചു. ശരീരത്തിന്റെ ഏകദേശം 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്ന വിദ്യ സീമന്തപുരത്ത് വനിതാ ഹോട്ടൽ നടത്തി വരികയായിരുന്നു. കടബാധ്യതയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ഓടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി. മക്കൾ: കാശിനാഥ്, ശിവാനി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.