അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയക്കും ശ്വേത മേനോനും എതിരെ കേസില്ല; വിധി 27ന്

കൊച്ചി: നടി ലക്ഷ്മിപ്രിയയും ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോനും എതിരായി നടി അൻസിബ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കാനാകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഈ പരാതിയെ അപകീർത്തി കേസായി മാത്രമേ പരിഗണിക്കാൻ കഴിയൂവെന്നും പൊലീസ് വ്യക്തമാക്കി. കേസ് സംബന്ധിച്ച വിധി ഈ മാസം 27-ന് പ്രഖ്യാപിക്കാനായി എറണാകുളം മജിസ്ട്രേറ്റ് കോടതി മാറ്റിവെച്ചു.ഇതിനിടെ, തന്റെ പോരാട്ടം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റാരോപിതരായവർക്കെതിരെയാണെന്ന് ശ്വേത മേനോൻ വീണ്ടും വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അവർ പ്രതികരിച്ചത്. താൻ സംഘടനയിൽ ഉള്ളിടത്തോളം ആരോപണവിധേയരായവർ ‘അമ്മ’യുടെ നേതൃത്വത്തിലേക്ക് എത്തില്ലെന്നും, അത്തരം ആളുകൾ സംഘടനയിലെ ചിലരെ മുന്നിൽ നിർത്തി തന്നെ തുടർച്ചയായി അപമാനിക്കുകയാണെന്നും അവർ ആരോപിച്ചു. താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട ആളാണെങ്കിൽ അത് മറച്ചുവെക്കേണ്ട കാര്യമില്ലെന്നും ശ്വേത പറഞ്ഞു. ‘അമ്മ’ സംഘടനയിലേക്ക് രാഷ്ട്രീയമോ മതമോ വർഗീയതയോ കൊണ്ടുവന്ന് സംഘടനയെ വിഭജിക്കരുതെന്നും അവർ തന്റെ കുറിപ്പിൽ അഭ്യർഥിച്ചു.