തിരുവനന്തപുരം: മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി. വീണയ്ക്ക് ഇഡി സമൻസ് അയച്ചു. വരും വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വീണയ്ക്ക് പുറമെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിലെ (CMRL) എട്ട് ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.
സിഎംആർഎൽ എം.ഡി ശശിധരൻ കർത്ത, ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ് സുശേഷ് കുമാർ എന്നിവർക്കും മറ്റ് ജീവനക്കാർക്കുമാണ് സമൻസ് ലഭിച്ചിരിക്കുന്നത്. വിവിധ കമ്പനികളുടെ ഡയറക്ടർമാരായ ശശിധരൻ കർത്തയുടെ ഭാര്യ, മകൻ അടക്കമുള്ള കുടുംബാംഗങ്ങൾക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.
ടി. വീണയും കരിമണൽ കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകൾ ഇഡിയ്ക്ക് കൈമാറാൻ കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. കേസിൽ സിറിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) കസ്റ്റഡിയിലെടുത്ത 134 രേഖകൾ പത്ത് ദിവസത്തിനകം ഇഡിയ്ക്ക് കൈമാറാൻ എറണാകുളം അഡീഷണൽ സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു. ഈ രേഖകൾ കൈമാറുന്നതിനെതിരെ സിഎംആർഎൽ ഉന്നയിച്ച എതിർപ്പുകൾ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
