പാലക്കാട്: മണ്ണാർക്കാട് നഗരസഭയിലെ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികളോട് മാനസിക പ്രയാസം ഉണ്ടാക്കുന്ന രീതിയിൽ പെരുമാറിയ മുൻമന്ത്രി കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിച്ച് ശാസിക്കുന്നതും, മേൽവിലാസം തെറ്റിച്ച് എഴുതിയെന്ന പേരിൽ ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ സ്വമേധയാ കേസെടുക്കാൻ ഉത്തരവിട്ടത്.
മണ്ണാർക്കാട് നഗരസഭയുടെ 19, 20, 22 വാർഡുകളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കായി സംഘടിപ്പിച്ച ‘മെറിറ്റ് ഈവനിംഗ്’ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.ടി. ജലീൽ. ചടങ്ങിനിടെ ഹിന്ദിയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അദ്ദേഹം പ്രത്യേകം വേദിയിലേക്ക് വിളിച്ചുവരുത്തുകയും, മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഇങ്ങനെ എഴുതിയതിൽ കുട്ടികൾക്ക് ചെറിയ പിഴവുകൾ സംഭവിച്ചപ്പോഴാണ് മുൻമന്ത്രി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. “എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ? അക്ഷരമറിയില്ലേ?” എന്ന് ചോദിച്ച് സദസ്സിന് മുന്നിൽ വെച്ച് അദ്ദേഹം കുട്ടികളെ പരസ്യമായി ശാസിക്കുകയും അപമാനിക്കുകയും ചെയ്തു എന്നാണ് ഉയർന്നിട്ടുള്ള ആക്ഷേപം. തുടർന്ന് ഈ പെരുമാറ്റത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നുവരുന്നത്.
