വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ പഞ്ചസാര തുലാഭാരം നടത്തി മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ. മുരളീധരൻ വർക്കലയിലെ ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ പഞ്ചസാര ഉപയോഗിച്ച് തുലാഭാര വഴിപാട് നടത്തി. വർക്കല പാപനാശം കടപ്പുറത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പിതൃതർപ്പണത്തിനും തുലാഭാര വഴിപാടുകൾക്കും പ്രസിദ്ധമാണ്. തുലാഭാരം പൂർത്തിയാക്കിയ ശേഷം ക്ഷേത്രദർശനവും നടത്തി മന്ത്രി മടങ്ങി.സംസ്ഥാന മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും അടുത്തിടെ വിവിധ ക്ഷേത്രങ്ങളിൽ തുലാഭാര വഴിപാട് നടത്തിയിരുന്നു. മന്ത്രി ബിന്ദു കൃഷ്ണ പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും മന്ത്രി എം. ലിജു പുല്ലുളങ്ങര ക്ഷേത്രത്തിലും തുലാഭാരം നടത്തിയിരുന്നു.അതേസമയം, ക്ഷേത്രകാര്യങ്ങളിൽ കോടതിയുടെ ഇടപെടലിനെതിരെ കെ. മുരളീധരൻ മുൻപ് വിമർശനവുമായി രംഗത്തെത്തിയിരുന്നു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനേക്കാൾ ഹൈക്കോടതിയാണ് കൂടുതൽ ഇടപെടുന്നതെന്നും, ഭക്തർ എങ്ങനെ തൊഴണമെന്ന് വരെ കോടതി നിർദേശിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും ഹൈക്കോടതിയിൽ നിന്നാണ് വരുന്നതെന്നും, കോടതിയോടുള്ള ബഹുമാനം കണക്കിലെടുത്താണ് കൂടുതൽ പ്രതികരിക്കാത്തതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ വികസനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്.