കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം സജീവമാക്കി; നിരീക്ഷകർ ഇന്ന് എത്തിയേക്കും

കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾക്ക് വേഗം കൂട്ടി കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് ഉന്നതതല കൂടിയാലോചനകൾ നടത്തും. ജനപ്രതിനിധികളുടെ നിലപാട് നേരിട്ട് ചോദിച്ചറിയാൻ പ്രത്യേക നിരീക്ഷകരെ ഇന്ന് തന്നെ നിയോഗിച്ചേക്കും. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.

​മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ വൻ മത്സരമാണ് നടക്കുന്നത്. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെ.സി. വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നത്. എന്നാൽ കേവലം എംഎൽഎമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്ന് വി.ഡി. സതീശൻ വിഭാഗം വാദിക്കുന്നു. യുഡിഎഫിനെ ഒറ്റക്കെട്ടായി നയിച്ച സതീശനെ മാറ്റിനിർത്തുന്നത് പ്രായോഗികമല്ലെന്നും ഘടകകക്ഷികളുടെ പിന്തുണ തങ്ങൾക്കാണെന്നുമാണ് ഇവരുടെ നിലപാട്. അതേസമയം, സീനിയോറിറ്റിക്ക് മുൻഗണന നൽകണമെന്ന വാദവുമായി രമേശ് ചെന്നിത്തല വിഭാഗവും രംഗത്തുണ്ട്.​

എംഎൽഎമാർക്ക് പുറമെ എംപിമാരുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും അഭിപ്രായങ്ങൾ നിരീക്ഷകർ തേടും. ഇവരുടെ റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ച ശേഷം രാഹുൽ ഗാന്ധിയാകും അന്തിമ പ്രഖ്യാപനം നടത്തുക. നിയമസഭയിൽ കോൺഗ്രസിന് ഒറ്റയ്ക്ക് 63 സീറ്റുകൾ ഉള്ളതിനാൽ ഘടകകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ട സാഹചര്യം നിലവിലില്ല. എങ്കിലും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമവായത്തിലെത്താനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. നിലവിൽ ഉപമുഖ്യമന്ത്രി പദത്തെക്കുറിച്ച് ചർച്ചകൾ ഒന്നും നടക്കുന്നില്ലെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.