സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഓണപ്പരീക്ഷയും ഓണാവധിയും പ്രഖ്യാപിച്ചു; ഓഗസ്റ്റ് 22 മുതൽ വിദ്യാലയങ്ങൾ അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഇത്തവണത്തെ ഓണാവധിയും പരീക്ഷാ തീയതികളും സർക്കാർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് സ്കൂളുകൾക്ക് ഓണാവധി അനുവദിച്ചിരിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 10 ദിവസത്തിന് പകരം ഒൻപത് ദിവസത്തെ അവധി മാത്രമാണ് നൽകിയിട്ടുള്ളത്.​

എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിച്ച് 20-ന് അവസാനിക്കും. എന്നാൽ ഹയർ സെക്കന്‍ററി വിഭാഗത്തിലെ പരീക്ഷകൾ ഓഗസ്റ്റ് 14-നാണ് ആരംഭിക്കുന്നത്. പരീക്ഷകൾക്ക് ശേഷം ഓഗസ്റ്റ് 21-ന് സ്കൂളുകൾ പ്രവർത്തിച്ച ശേഷമായിരിക്കും അവധിക്കായി അടയ്ക്കുക. തുടർന്ന് ഓണാവധിക്ക് ശേഷം ആഗസ്റ്റ് 31-ന് വിദ്യാലയങ്ങൾ പുനരാരംഭിക്കും.