വയനാട് കള്ളാടി മണ്ണിടിച്ചിൽ: മരണസംഖ്യ ഏഴായി; ഒരു മൃതദേഹം കൂടി കണ്ടെടുത്തു, തെരച്ചിൽ നാലാം ദിവസത്തിൽ

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണസംഖ്യ ഏഴായി ഉയർന്നു. ഇന്ന് നടത്തിയ തെരച്ചിലിൽ മീനാക്ഷി പാലത്തിന് ഒരു കിലോമീറ്റർ താഴെ പുഴയിൽ നിന്നാണ് ഒരു മൃതദേഹം കൂടി കണ്ടെടുത്തത്. അപകടത്തിൽപ്പെട്ട നിർമാണ കമ്പനിയുടെ സർവേയറും ബംഗാൾ സ്വദേശിയുമായ രാഗേഷ് ഗുചെയ്തിന്റെ മൃതദേഹമാണിതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്തത്തിൽപ്പെട്ട ഇനി ഒരാളെക്കൂടി മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.​

കള്ളാടിയിൽ ഇന്ന് നാലാം ദിവസമാണ് തെരച്ചിൽ തുടരുന്നത്. ഇന്നലത്തെ തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം നടത്തുന്ന കരാർ കമ്പനിയായ ‘ദിലീപ് ബിൽഡ് കോണി’ലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.​

മന്ത്രിമാരായ എ.പി അനിൽകുമാർ, അഡ്വ. ടി. സിദ്ദീഖ് എന്നിവർ പ്രദേശത്ത് ക്യാമ്പ് ചെയ്ത് തെരച്ചിൽ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നുണ്ട്. പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള കൊങ്കൺ റെയിൽ കോർപറേഷൻ ഉദ്യോഗസ്ഥർ ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കും. അതേസമയം, ദുരന്തത്തെക്കുറിച്ച് സർക്കാർ പ്രഖ്യാപിച്ച ഇരട്ട അന്വേഷണത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും, അന്വേഷണത്തിനായുള്ള വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.