ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI379 വിമാനമാണ് യാത്രയ്ക്കിടെ ശക്തമായ ആകാശച്ചുഴിയിൽപ്പെട്ടത്. സംഭവത്തിൽ രണ്ട് ക്രൂ അംഗങ്ങൾ ഉൾപ്പെടെ 12 പേർക്ക് പരുക്കേറ്റു. വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു.
വിമാനത്തിൽ ആകെ 134 പേരാണ് ഉണ്ടായിരുന്നത്. ആകാശച്ചുഴിയെ തുടർന്ന് വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുന്നതുപോലെ അനുഭവപ്പെട്ടതായി യാത്രക്കാർ പറഞ്ഞു. ചിലർക്ക് തലയ്ക്ക് ചെറിയ പരുക്കുകളും ചിലർക്ക് ശരീരത്തിൽ ചതവുകളും ഉണ്ടായതായി റിപ്പോർട്ടുണ്ട്.
വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഗുരുതരമായി പരുക്കേറ്റവർ ആരുമില്ലെന്നും പരുക്കേറ്റവർക്ക് ആവശ്യമായ മെഡിക്കൽ സഹായം നൽകിവരികയാണെന്നും എയർ ഇന്ത്യ അറിയിച്ചു.
