സമൂഹ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രം: നിയമപരമായ പരിരക്ഷ എടുത്ത് കളയാന്‍ നീക്കം

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. സമൂഹ മാധ്യമങ്ങള്‍ക്കുള്ള നിയമപരമായ പരിരക്ഷ എടുത്തു കളയാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഐടി ആക്ടിലെ 79-ാം വകുപ്പിലെ മാറ്റങ്ങളാണ് പരിഗണനയില്‍ ഉള്ളത്.

79-ാം വകുപ്പ് പ്രകാരം ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് കമ്പനികള്‍ നേരിട്ട് നിയമപരമായി ഉത്തരവാദികളാകില്ല. ഉള്ളടക്കങ്ങളുടെ പേരില്‍ കമ്പനികള്‍ക്കെതിരെ നേരിട്ട് കേസെടുക്കാവുന്ന തരത്തിലാണ് മാറ്റങ്ങള്‍ പരിഗണിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനികളില്‍ പലതിന്റെയും ബിസിനസ്സ് മാതൃകകളില്‍ ഈ സംരക്ഷണം നിര്‍ണായക ഘടകമാണ്.

വിവരങ്ങള്‍ കൈമാറുകയോ എത്തിക്കുകയോ ചെയ്യുന്ന സേവനങ്ങള്‍ക്ക് (ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ (ISPs), ടെലികോം സേവന ദാതാക്കള്‍ (TSPs), പിയര്‍-ടു-പിയര്‍ മെസേജിംഗ് പ്ലാറ്റ്ഫോമുകള്‍) മാത്രമായി ഈ സംരക്ഷണം പരിമിതപ്പെടുത്താമോ എന്നാണ് സര്‍ക്കാര്‍ പരിശോധിച്ചുവരുന്നത്.