തൃശൂർ: മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന CBSE സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ പ്രഹരമേറ്റ് തൃശൂർ പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതരമായി പരുക്കേറ്റു. 18കാരനായ ഫായിസ് അബ്ദുൽ ജലാലിനാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റത്.
ഓഗസ്റ്റ് 3ന് ചന്ദ്രപുരിലെ സൻസ്കാർ ഭാരതി പബ്ലിക് സ്കൂളിൽ നടന്ന അണ്ടർ-19 വിഭാഗം മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിനിടെ എതിരാളി ഫായിസിന്റെ അടിവയറ്റിൽ ചവിട്ടിയതിനെ തുടർന്ന് കടുത്ത വേദന അനുഭവപ്പെട്ട ഫായിസ് മത്സരം നിർത്താൻ റഫറിയോട് സിഗ്നൽ നൽകി റിങ്ങിൽ നിന്ന് പുറത്തേക്ക് നീങ്ങി. എന്നാൽ റഫറി മത്സരം നിർത്തുകയോ ഫൗൾ പ്രഖ്യാപിക്കുകയോ ചെയ്തില്ലെന്നാണ് റിപ്പോർട്ട്.
തുടർന്ന് റിങ്ങിൽ നിന്ന് മാറിനിന്ന ഫായിസിന്റെ മുഖത്തേക്ക് എതിരാളി ശക്തമായി തൊഴിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ഫായിസ് ഉടൻ തന്നെ തളർന്നുവീണു. തുടർന്ന് ചന്ദ്രപുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫായിസിന് തലച്ചോറിൽ ഗുരുതര രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
തുടർചികിത്സയ്ക്കായി ഓഗസ്റ്റ് 9ന് എയർ ആംബുലൻസ് വഴി കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയുന്ന ഫായിസ് അബോധാവസ്ഥയിലാണ്.
മത്സരത്തിലെ നിയമങ്ങൾ ലംഘിച്ചിട്ടും റഫറിയും സംഘാടകരും മത്സരം തടഞ്ഞില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് CBSE ചെയർമാനും റീജനൽ ഓഫീസർക്കും കുടുംബം പരാതി നൽകിയതായും റിപ്പോർട്ടുണ്ട്.
