ചവറയിൽ വൻ ലഹരി വേട്ട; 163 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

കൊല്ലം: കൊല്ലം ചവറയിൽ ലോറിയിൽ കടത്തുകയായിരുന്ന 163 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. ആകെ 2,93,400 പാക്കറ്റുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കൊട്ടുകാട് സ്വദേശി നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡൽഹിയിൽ നിന്ന് സ്റ്റീൽ പാത്രങ്ങൾ കൊണ്ടുവരുന്നതിന്റെ മറവിലാണ് പുകയില ഉൽപന്നങ്ങൾ കടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. സംശയം തോന്നാതിരിക്കാൻ ലോറിയുടെ മുൻഭാഗത്ത് സ്റ്റീൽ പാത്രങ്ങൾ അടുക്കിവെച്ചും പിൻഭാഗത്ത് പുകയില ഉൽപന്നങ്ങൾ നിറച്ച ചാക്കുകൾ സൂക്ഷിച്ചുമായിരുന്നു കടത്ത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ ശേഖരം കണ്ടെത്തിയത്. സ്കൂൾ–കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നൗഷാദ് മുമ്പും സമാനമായ രീതിയിൽ പുകയില ഉൽപന്നങ്ങൾ കടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.