ചോക്കോ: പടിഞ്ഞാറൻ കൊളംബിയയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 111 ആയി ഉയർന്നു. ദുരന്തത്തിൽ 87 പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ചോക്കോ പ്രവിശ്യയിലെ സാൻ ഹോസെ ദെൽ പാൽമാർ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂനിരപ്പിൽ നിന്ന് 103 കിലോമീറ്റർ ആഴത്തിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് അനുഭവപ്പെട്ടത്.
ശക്തമായ പ്രകമ്പനത്തെ തുടർന്ന് പടിഞ്ഞാറൻ കൊളംബിയയിലെ വിവിധ മേഖലകളിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇവരെ കണ്ടെത്തുന്നതിനായി സേനയുടെ നേതൃത്വത്തിൽ ഊർജിത തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തകർ വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രവർത്തിക്കുന്നുണ്ട്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനും പരിക്കേറ്റവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുമാണ് പ്രധാന പരിഗണന നൽകുന്നത്.
സ്ഥിതിഗതികൾ സർക്കാർ നിരീക്ഷിച്ചുവരികയാണെന്നും ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു
