കൊച്ചി: ചെക്ക് കേസിൽ പാലാ എം.എൽ.എ. മാണി സി. കാപ്പന് ശിക്ഷ ലഭിച്ചതിനെ രൂക്ഷമായി വിമർശിച്ച് കേരള കോൺഗ്രസ് (എം) ചെയർമാനും പാലായിലെ സ്ഥാനാർഥിയുമായിരുന്ന ജോസ് കെ. മാണി രംഗത്തെത്തി. കോടതിയുടെ ഈ ശിക്ഷാവിധി പാലാ നിയോജകമണ്ഡലത്തിന് തന്നെ വലിയ അപമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ എം.എൽ.എ. സ്ഥാനം രാജിവെക്കണോ എന്ന കാര്യത്തിൽ മാണി സി. കാപ്പൻ തന്നെ ഉചിതമായ തീരുമാനമെടുക്കട്ടെ എന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, വിഷയം ഗൗരവത്തോടെ കണ്ട് യു.ഡി.എഫ് നേതൃത്വം കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു. വെറുമൊരു കോടതി പരാമർശത്തിന്റെ പേരിൽ മുമ്പ് കെ.എം. മാണി രാജി വെച്ച മാതൃക ചൂണ്ടിക്കാണിച്ചാണ് യു.ഡി.എഫിന്റെ മറുപടിക്ക് അദ്ദേഹം കാത്തിരിക്കുന്നത്.
