ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ശരത് പ്രസാദാണ് (ശശിധരൻ – സരസ്വതി ദമ്പതികളുടെ മകൻ) ജയിലിനുള്ളിൽ ജീവനൊടുക്കിയത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ജയിലിലെ ടോയ്ലറ്റിൽ ഉടുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈകിട്ടത്തെ റേഷൻ വാങ്ങിയ ശേഷം മുകൾനിലയിലെ എഫ് വൺ സെല്ലിലേക്ക് പോയ ശരത്, മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് ടോയ്ലറ്റിലേക്ക് പ്രവേശിച്ചത്. ഇയാൾ തിരികെ വരാൻ വൈകിയതിനെ തുടർന്ന് പ്രിസൺ ഓഫീസർ നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സിജിനയാണ് ഭാര്യ. കാർത്തിക്, ദിക്ഷ എന്നിവർ മക്കളാണ്.
ആലപ്പുഴ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഡോക്ടറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത കേസിലാണ് ശരത് റിമാൻഡിലായത്. കഴിഞ്ഞ 21-ന് ചുടുകാട് ഭാഗത്ത് വെച്ച് ശരത് സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തെത്തുടർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സിക്കാനെത്തിയ ഡോക്ടറോട് തർക്കിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ഡോക്ടർ നൽകിയ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ശരത് പ്രസാദ് മുൻപും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
