തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്.എഫ്.ഐ പ്രതിഷേധത്തിനു നേരെ പൊലീസ് നടത്തിയ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ നയങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു. സർവകലാശാലയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ച വിഷയത്തിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയതെന്നും, പെൺകുട്ടികളെ ആൺ പോലീസുകാർ ആക്രമിച്ചുവെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
ബഹുസ്വര സമൂഹത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായി ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതൽക്കേ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ശ്ലോകങ്ങൾ മാത്രം ആലപിക്കുകയെന്ന സമവായം നിലവിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ 80 വർഷത്തിലേറെയായി നിലനിൽക്കുന്ന ഈ സമവായം തകർത്ത് മുഴുവൻ വന്ദേമാതരവും നിർബന്ധപൂർവ്വം ആലപിക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ, കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാരും അതേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പിണറായി വിജയൻ കത്തിലൂടെ വിമർശിച്ചു.
