തിരുവനന്തപുരം: മാസപ്പടി-ഹവാല ആരോപണങ്ങളിൽ വിജിലൻസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഒന്ന് വിഭാഗം കേസ് എടുത്തു. കോടതി നിർദ്ദേശത്തെത്തുടർന്ന് അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുമായി രണ്ട് എഫ്.ഐ.ആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയുടെ കർശന നിലപാടിനു പിന്നാലെയാണ് വിജിലൻസ് ഈ നടപടിയിലേക്ക് കടന്നത്.
കേസുകളിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർ പ്രതികളാണ്. ഇതിൽ ഒന്നാമത്തെ മാസപ്പടി കേസിൽ പിണറായി വിജയനെ പ്രതിയാക്കിയിട്ടുണ്ടെങ്കിൽ, രണ്ടാമത്തെ അഴിമതി കേസിൽ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസുകളിലും രണ്ടാം പ്രതി വീണ വിജയനാണ്.
അതേസമയം, വിജിലൻസ് കേസിനെതിരെ ഇന്ന് തന്നെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് പിണറായി വിജയന്റെ നീക്കം. തന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് വിധിയുണ്ടായതെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടും. കൂടാതെ, എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ഹർജി നൽകാനും പദ്ധതിയിടുന്നു. ഉത്തരവിലെ നിരീക്ഷണങ്ങൾ ലളിതകുമാരി കേസിന്റെ വിധിക്കും തത്വങ്ങൾക്കും വിരുദ്ധമാണെന്നും, ഈ നിരീക്ഷണങ്ങൾ വ്യക്തിപരമായി ബാധിക്കുന്നതിനാൽ നിയമപരമായി ചോദ്യം ചെയ്യുമെന്നും കോടതിയെ അറിയിക്കും.
കേസിനെ നിയമപരമായും രാഷ്ട്രീയമായും ഒരുപോലെ നേരിടാനാണ് തീരുമാനം. സർക്കാരാണ് വിഷയത്തിൽ അപ്പീൽ നൽകേണ്ടിയിരുന്നത് എന്ന വാദമുയർത്തിയാണ് രാഷ്ട്രീയ പ്രതിരോധം തീർക്കാൻ നീക്കം നടത്തുന്നത്.
