കാസർഗോഡ്: ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിപ്പള്ളം സ്വദേശി കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.10-ഓടെ ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും നൂറ് മീറ്ററോളം അകലെയുള്ള റോഡിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചതെന്നാണ് തുടക്കത്തിൽ കരുതിയിരുന്നത്. എന്നാൽ, മൃതദേഹത്തിന്റെ കവിളിന് സമീപം വെടിയേറ്റ പാട് ശ്രദ്ധയിൽപ്പെടുകയും സമീപത്തുനിന്ന് തോക്ക് കണ്ടെടുക്കുകയും ചെയ്തതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്. തോക്കുമായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി സ്വന്തം തോക്കിൽനിന്ന് തന്നെ വെടിയേറ്റതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജ്, ബേക്കൽ ഡിവൈഎസ്പി കെ. വിനോദ് കുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
