ജന്തർ മന്തറിൽ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപണം; ഐഎസ്ഐ ബന്ധമുള്ള സംഘം പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ജന്തർ മന്തറിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്നാരോപിച്ച് പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ളതായി സംശയിക്കുന്ന സംഘത്തിലെ അംഗങ്ങളെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു.

ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ശേഖരിക്കുകയും അവ പാകിസ്താനിലേക്ക് കൈമാറാൻ ശ്രമിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസും കേന്ദ്ര ഏജൻസികളും ചേർന്നാണ് അന്വേഷണം നടത്തിയത്.

അറസ്റ്റിലായവരിൽ ഒരാൾക്ക് പാകിസ്താനിലെ ഐഎസ്ഐ ബന്ധമുള്ള വ്യക്തികളുമായി നേരിട്ടുള്ള ബന്ധമുണ്ടായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഇയാൾക്ക് പാകിസ്താനിൽ പരിശീലനം ലഭിച്ചതായും പിന്നീട് നേപ്പാൾ വഴി ഡൽഹിയിലെത്തിച്ചതായും റിപ്പോർട്ടുകളുണ്ട്.

സംഘത്തിന്റെ ലക്ഷ്യം ഡൽഹിയിൽ ആക്രമണം നടത്തുന്നതിനായി സൈനിക വിവരങ്ങൾ ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ ശേഖരിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.