മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി. സതീശൻ്റെ കടുത്ത നിലപാട്; ഭരണപരിചയം മാനദണ്ഡമല്ലെന്ന് നിരീക്ഷകർക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ മുറുകുമ്പോൾ തന്റെ നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ വി.ഡി. സതീശൻ. തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിൽ മറ്റ് പദവികൾ ഏറ്റെടുക്കാനില്ലെന്ന കർശന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഹൈക്കമാൻഡ് നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ സതീശൻ ഇക്കാര്യം വ്യക്തമാക്കിയതായാണ് സൂചന.​

ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ഒരു മാനദണ്ഡമല്ലെന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതിനായി വി.എസ്. അച്യുതാനന്ദന്റെയും നരേന്ദ്ര മോദിയുടെയും ഉദാഹരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഭരണാധികാരിക്ക് വ്യക്തമായ കാഴ്ചപ്പാടാണ് വേണ്ടതെന്നും, മികച്ചൊരു ടീമിനെ കെട്ടിപ്പടുക്കാനുള്ള കഴിവാണ് പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിൽ കോൺഗ്രസിനുണ്ടാകുന്ന തിരിച്ചടികൾക്ക് കാരണം സംഘടനാപരമായ ദൗർബല്യമാണെന്നും, യുവതലമുറയ്ക്ക് (ജെൻസി) കൂടി മനസ്സിലാകുന്ന രീതിയിലുള്ള മാറ്റങ്ങൾ പാർട്ടിയിൽ ഉണ്ടാകണമെന്നും സതീശൻ കൂട്ടിച്ചേർത്തു.​

അതേസമയം, ഹൈക്കമാൻഡിന്റെ തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കുമോ എന്ന ചോദ്യത്തിന് “ചോദ്യം സാങ്കൽപ്പികമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി മുകുൾ വാസ്‌നിക്, അജയ് മാക്കൻ എന്നീ ഹൈക്കമാൻഡ് നിരീക്ഷകർ എം.എൽ.എമാരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്. മുതിർന്ന നേതാക്കളും ഹോട്ടലിലെത്തി നിരീക്ഷകരെ കണ്ടു.​

ഘടകകക്ഷികളുമായുള്ള ചർച്ചകൾ വൈകുന്നേരം നടക്കും. തർക്കങ്ങളില്ലാത്ത ഒരു തീരുമാനമുണ്ടാകുമെന്ന് എം.എൽ.എമാർ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സതീശന്റെ കടുത്ത നിലപാട് നിർണ്ണായകമാണ്. ഒടുവിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള പൂർണ്ണ അധികാരം എ.ഐ.സി.സി പ്രസിഡന്റിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയവും പാസാക്കിയിട്ടുണ്ട്.