വയനാട് തുരങ്കപാത നിർമ്മാണത്തിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയിൽ ഹർജി നൽകി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ അനുമതി റദ്ദാക്കണമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ശാസ്ത്രീയമായ പഠനങ്ങൾ നടത്താതെയാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന് ആരോപിക്കുന്ന സമിതി, പരിസ്ഥിതി ലോല പ്രദേശമായ ഇവിടുത്തെ നിർമ്മാണം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് സമിതി ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ നിർണ്ണായക ഘട്ടമായ ആദ്യ സ്ഫോടനത്തിന്റെ (First Blast) ഉദ്ഘാടനം നിർവ്വഹിച്ചത്. വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റർ നീളമുള്ള ഈ പാത കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് പദ്ധതിയുടെ നിർമ്മാണ ചുമതല.
അപകടസാധ്യതകൾ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് നിലവിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നാല് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി തുരങ്കപാത ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
