സംസ്ഥാന ധനസ്ഥിതിയിൽ ധവളപത്രം ഇറക്കും; പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയെന്നും കേരളത്തിന്റെ സ്വപ്ന പദ്ധതികൾക്ക് കേന്ദ്ര പിന്തുണ തേടിയെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കുന്നതിനായി ഉടൻ തന്നെ ഒരു ധവളപത്രം പുറത്തിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ സർക്കാർ വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.​

ദേശീയപാത വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പ് തുകയിൽ കേരളത്തിന് ഇളവ് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ കടമെടുപ്പ് പരിധിയിൽ നിന്ന് ചില നിർണ്ണായക മേഖലകളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. കിഫ്ബിയുടെ (KIIFB) നിലവിലെ സാമ്പത്തിക ബാധ്യതകൾ സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും, കിഫ്ബിയുടെ യഥാർത്ഥ സാമ്പത്തിക പൊസിഷൻ കൃത്യമായി പരിശോധിച്ച ശേഷമേ സംസ്ഥാനത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.​

മുനമ്പം വഖഫ് ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് ഉമീദ് (UMEED) പോർട്ടലിൽ രജിസ്റ്റർ ചെയ്ത കാര്യങ്ങൾ സർക്കാർ പരിശോധിക്കും. മുനമ്പത്തെ ഒരൊറ്റ ജനത്തെപ്പോലും അവിടെനിന്ന് ഇറക്കിവിടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

​ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’വുമായി ബന്ധപ്പെട്ട കേസിൽ സ്വീകരിക്കുന്ന നടപടികൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിൽ യാതൊരുവിധ രാഷ്ട്രീയ പ്രതികാരവുമില്ല. മുൻപ് ഈ കേസന്വേഷണത്തിൽ നിരവധി അട്ടിമറികൾ നടന്നിട്ടുണ്ട്. എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഇടപെടലുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ, അന്വേഷണ റിപ്പോർട്ട് പൂർണ്ണമായി പരിശോധിച്ച ശേഷം ആവശ്യമായ മറുപടി നൽകാമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.