വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടും. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രമുഖ വ്യാപാരി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കടകൾ അടച്ചിടുന്നതിനൊപ്പം ഓൺലൈൻ ഭക്ഷണ വിതരണവും ഇന്ന് തടസ്സപ്പെടും. സിലിണ്ടർ വില വർധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രകടനം നടത്താനും സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന്റെ വില മൂവായിരം രൂപ കടന്നു. മുൻപ് നൂറും നൂറ്റമ്പതും രൂപ വർദ്ധിപ്പിച്ചിരുന്ന സ്ഥാനത്ത്, യാതൊരു മുന്നറിയിപ്പുമില്ലാതെ ഇത്രയും വലിയ തുക വർദ്ധിപ്പിച്ചത് ഹോട്ടൽ മേഖലയ്ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധികൾ മറികടന്ന് സാധാരണ നിലയിലേക്ക് മടങ്ങിവരുന്ന ഹോട്ടൽ വ്യവസായത്തെ ഈ തീരുമാനം തകർക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്സ് ഫെഡറേഷൻ തുടങ്ങിയ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രവർത്തനച്ചെലവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഭക്ഷണ വിഭവങ്ങൾക്ക് വില കൂട്ടാൻ തങ്ങൾ നിർബന്ധിതരാകുമെന്നും, ഇത് സാധാരണക്കാരായ ഉപഭോക്താക്കളെ സാരമായി ബാധിക്കുമെന്നും വ്യാപാരികൾ ആശങ്ക പ്രകടിപ്പിച്ചു. തട്ടുകടകൾ മുതൽ വൻകിട റെസ്റ്റോറന്റുകൾ വരെയുള്ള എല്ലാ വിഭാഗങ്ങളെയും ഈ വിലവർധനവ് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
