സ്ത്രീയുടെ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി സ്ത്രീകളുടെ വസ്ത്രധാരണം ലൈംഗികാതിക്രമത്തിനോ ലൈംഗിക പീഡനത്തിനോ ഒരിക്കലും ന്യായീകരണമാകില്ലെന്ന് വ്യക്തമാക്കി. സ്ത്രീകളുടെ വസ്ത്രധാരണത്തെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെയും ആൺകുട്ടികളുടെയും പെരുമാറ്റത്തിൽ മാറ്റം വരുത്തുകയാണ് സമൂഹം ചെയ്യേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് ചന്ദ്രശേഖരൻ സുധ അധ്യക്ഷയായ ബെഞ്ചാണ് നിർണായക പരാമർശങ്ങൾ നടത്തിയത്. പെൺകുട്ടിയോ സ്ത്രീയോ എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവർക്കുതന്നെയാണെന്നും വസ്ത്രധാരണത്തിന്റെ പേരിൽ അവരെ കുറ്റപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങൾ ആൺകുട്ടികളെ വഴിതെറ്റിക്കുമെന്ന തരത്തിലുള്ള വാദങ്ങളെ കോടതി ശക്തമായി വിമർശിച്ചു. ഇത്തരത്തിലുള്ള ചിന്താഗതി പിന്തിരിപ്പനും അംഗീകരിക്കാനാകാത്തതുമാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകളുടെ വസ്ത്രധാരണം നിയന്ത്രിക്കുന്നതിലല്ല പരിഹാരം, വ്യക്തിപരമായ അതിരുകൾ മാനിക്കാനും എല്ലാവരോടും അന്തസ്സോടെയും ബഹുമാനത്തോടെയും പെരുമാറാനും കുട്ടികളെ മാതാപിതാക്കളും സമൂഹവും പഠിപ്പിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്.

വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകൻ സ്വീകരിച്ച ക്രോസ്-വിസ്താര രീതിയെയും കോടതി വിമർശിച്ചു. പെൺകുട്ടിയുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്നതിലേക്കും അവളുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്നതിലേക്കും നീങ്ങിയ ചോദ്യങ്ങൾ നീതിപൂർവമായ വിചാരണയുടെ പരിധിയിൽ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

2013-ലെ ലൈംഗികാതിക്രമ കേസിൽ പ്രതിയെ വിചാരണക്കോടതി വെറുതെവിട്ട നടപടിക്കെതിരായ അപ്പീൽ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. വിചാരണക്കോടതിയുടെ വെറുതെവിടൽ റദ്ദാക്കി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയതോടെയാണ് കോടതി സ്ത്രീകളുടെ വസ്ത്രധാരണവും ലൈംഗികാതിക്രമവും തമ്മിൽ ബന്ധിപ്പിക്കുന്ന സമീപനത്തെ ശക്തമായി തള്ളിപ്പറഞ്ഞത്.