തിരുവനന്തപുരം: കേരളത്തിന്റെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമ വകുപ്പ് സെക്രട്ടറി കെ.ജി സനൽകുമാറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ കമ്മീഷണർ എ. ഷാജഹാന്റെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഈ പുതിയ നിയമനം. മന്ത്രിസഭയുടെ ഈ ശുപാർശ ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കും.
നീതിന്യായ രംഗത്തും ഭരണരംഗത്തും ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗസ്ഥനാണ് കെ.ജി സനൽകുമാർ. 2023 ജൂലൈ മുതലാണ് അദ്ദേഹം സംസ്ഥാന ലോ സെക്രട്ടറിയായി ചുമതലയേറ്റത്. കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരിക്കെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു ഈ നിയമനം.
ഔദ്യോഗിക ജീവിതം ഒറ്റനോട്ടത്തിൽ:തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും നിയമപഠനം പൂർത്തിയാക്കിയ അദ്ദേഹം 1989-ൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1998-ൽ വൈക്കം മുൻസിഫായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. പിന്നീട് വടക്കഞ്ചേരി, തലശേരി, ചേർത്തല, കൊല്ലം, ശാസ്താംകോട്ട, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ മജിസ്‌ട്രേറ്റ്, സബ് ജഡ്ജി, ജില്ലാ ജഡ്ജി, വിജിലൻസ് ജഡ്ജി തുടങ്ങിയ സുപ്രധാന പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
