തിരുവനന്തപുരം: ക്യാനുകളിൽ പെട്രോളും ഡീസലും നൽകരുതെന്ന പുതിയ ഉത്തരവ് സംസ്ഥാനത്തെ കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നുവെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. കാർഷിക ആവശ്യങ്ങൾക്കായി ഇന്ധനം കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന കർഷകരെ സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. മൊത്ത വിതരണ കേന്ദ്രങ്ങളിൽ പലതിലും ഉയർന്ന വിലയാണ് ഈടാക്കുന്നത്. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച തന്നെ കേന്ദ്രമന്ത്രിമാരെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
കർഷകരെ ദോഷകരമായി ബാധിക്കുന്ന ഈ ഉത്തരവ് കേന്ദ്ര സർക്കാർ പുനഃപരിശോധിക്കാൻ തയ്യാറാകണം. അല്ലാത്തപക്ഷം, കേരളത്തിലെ കർഷകർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകി കൃത്യമായി ഇന്ധനം ലഭ്യമാക്കാനുള്ള ബദൽ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കും. കേന്ദ്രം ഈ ഉത്തരവ് അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ മുന്നിലുണ്ടാകും. നമുക്ക് അന്നം തരുന്ന കർഷകരുടെ ജീവനോപാധി തടസ്സപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നും കൃഷിമന്ത്രി ആവശ്യപ്പെട്ടു.
ഇതോടൊപ്പം മറ്റ് ചില പ്രധാന പ്രഖ്യാപനങ്ങളും മന്ത്രി നടത്തി. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭവന പദ്ധതി ഉടൻ തന്നെ ആരംഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട നടപടികളുമായി പാർട്ടി വേഗത്തിൽ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. നിലവിൽ വയനാട് ജില്ലയിൽ റിപ്പോർട്ട് ചെയ്ത ഷിഗല്ല രോഗബാധ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
