ശബരിമലയിൽ യുവതികൾ കയറിയ ദിവസം എന്നെയും എഡിജിപിയെയും മാറ്റ നിർത്തി; ഉന്നതന്റെ ചരടുവലി വെളിപ്പെടുത്തി എ പത്മകുമാർ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ നടത്തിയ നിർണായക വെളിപ്പെടുത്തലുകൾ രാഷ്ട്രീയ-ഭരണ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്നാണ് പത്മകുമാറിന്റെ പ്രധാന ആരോപണം. പാർട്ടിയിലും ഭരണനേതൃത്വത്തിലും ഒരുപോലെ സ്വാധീനമുള്ള ഒരു ഉന്നതനാണ് ഇതിന് പിന്നിൽ ചരടുവലിച്ചതെന്നും അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തി. ഈ സംഭവങ്ങളെല്ലാം ഉൾപ്പെടുത്തി അദ്ദേഹം എഴുതുന്ന ആത്മകഥ ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചനകൾ. സിപിഎം ജില്ലാ കമ്മിറ്റി യോഗം ചേരാനിരിക്കെ പുറത്തുവന്ന ഈ വെളിപ്പെടുത്തൽ പാർട്ടിക്ക് വലിയ തലവേദനയായിട്ടുണ്ട്. എന്നാൽ, പാർട്ടിയിൽ നിന്ന് നേരിടാനിടയുള്ള അച്ചടക്ക നടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള പത്മകുമാറിന്റെ തന്ത്രമാണിതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ വാദിക്കുന്നത്.​

യുവതികൾ സന്നിധാനത്ത് എത്തിയ വിവരം താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് പത്മകുമാർ പറയുന്നത്. ആ നിർണായക ദിവസം ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി അടിയന്തരമായി തിരുവനന്തപുരത്ത് എത്താൻ തന്നോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, നിർദ്ദേശപ്രകാരം അവിടെ എത്തിയെങ്കിലും ചരടുവലിച്ച ആ ഉന്നത വ്യക്തിയെ കാണാൻ തനിക്ക് അനുമതി നൽകിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. വരാനിരിക്കുന്ന തന്റെ ആത്മകഥയിൽ യുവതിപ്രവേശന കാലത്തെ അണിയറക്കഥകൾ മാത്രമല്ല, വിവാദമായ സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും വ്യക്തമാക്കുമെന്നാണ് അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിട്ടുള്ളത്. കൂടാതെ, ദേവസ്വം രേഖകളിൽ ‘ചെമ്പ്’ എന്ന് എഴുതിച്ചേർത്തത് മറ്റാരോ ആണെന്നും, ആ രേഖകളിൽ ഒപ്പിടാൻ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്നും പത്മകുമാർ വെളിപ്പെടുത്തുന്നുണ്ട്.