ദില്ലി: സി.ഐ.എസ്.സി.ഇ (CISCE) ഈ വർഷത്തെ ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.എസ്.സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.18 ശതമാനം വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.13 ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി മികച്ച വിജയം കൈവരിച്ചു. രണ്ട് വിഭാഗങ്ങളിലും വിജയശതമാനത്തിൽ പെൺകുട്ടികളാണ് ആൺകുട്ടികളേക്കാൾ മുന്നിട്ടുനിൽക്കുന്നത്. പന്ത്രണ്ടാം ക്ലാസിലെ വിജയശതമാനം പരിശോധിക്കുമ്പോൾ ദക്ഷിണ മേഖലയാണ് രാജ്യത്ത് ഒന്നാമതെത്തിയത്.
ഈ വർഷം ഐ.സി.എസ്.ഇ പരീക്ഷകൾ ഫെബ്രുവരി 17 മുതൽ മാർച്ച് 30 വരെയും ഐ.എസ്.സി പരീക്ഷകൾ ഫെബ്രുവരി 12 മുതൽ ഏപ്രിൽ 6 വരെയുമാണ് നടന്നത്. ഏകദേശം രണ്ടര ലക്ഷത്തോളം വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷ എഴുതിയപ്പോൾ, ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് ഹാജരായത്.
പരീക്ഷാ ഫലം സി.ഐ.എസ്.സി.ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ https://cisce.org, https://results.cisce.org എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് പരിശോധിക്കാവുന്നതാണ്. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് നിശ്ചിത വിവരങ്ങൾ നൽകുന്നതിലൂടെ ഫലം വേഗത്തിൽ അറിയാൻ സാധിക്കും.
