തൃണമൂൽ കോൺഗ്രസ് വിട്ട് പി.വി. അൻവർ; മേയ് 15-നകം പുതിയ പാർട്ടി രൂപീകരിക്കും, യുഡിഎഫിനൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം

കൊച്ചി: കോഴിക്കോട് ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് (ടിഎംസി) വിട്ടു. പാർട്ടിയുടെ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെച്ചതായും ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചതായും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു. മേയ് 15-നകം പുതിയ സംസ്ഥാന പാർട്ടിക്ക് രൂപം നൽകുമെന്നും തൃണമൂലുമായി ഇനി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും അൻവർ വ്യക്തമാക്കി.​

കോൺഗ്രസുമായുള്ള സഹകരണത്തെ തൃണമൂൽ ദേശീയ നേതൃത്വം അംഗീകരിക്കാത്തതാണ് പാർട്ടി വിടാൻ പ്രധാന കാരണമെന്ന് അൻവർ പറഞ്ഞു. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടി കോൺഗ്രസിനെ പിന്തുണയ്ക്കാൻ ടിഎംസി തയ്യാറല്ലെന്നും, എന്നാൽ കേരളത്തിലെ രാഷ്ട്രീയ പരിസരത്ത് അത് പ്രായോഗികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയതലത്തിൽ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കേണ്ട സാഹചര്യമുണ്ടായിട്ടും അനുകൂല നിലപാട് ഉണ്ടാകാത്തതിനാലാണ് ബന്ധം വേർപ്പെടുത്തുന്നതെന്ന് അൻവർ അറിയിച്ചു. വരും ദിവസങ്ങളിൽ യുഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്നും രാഹുൽ ഗാന്ധിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.​

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തനിക്ക് തൃണമൂലിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന് അൻവർ കുറ്റപ്പെടുത്തി. കോൺഗ്രസുമായി സഹകരിച്ചതിനാലാണ് ബേപ്പൂരിൽ ടിഎംസി ചിഹ്നം നൽകാതിരുന്നതെന്നും, കോൺഗ്രസ് നേതാക്കൾക്കൊപ്പം വേദി പങ്കിടാനുള്ള വിമുഖത കാരണമാണ് ടിഎംസി നേതാക്കൾ പ്രചാരണത്തിന് വരാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, കോഴിക്കോട് ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നത് ദുരൂഹമാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അൻവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.