തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ പൊലീസ് കേസെടുത്തു. റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കാൻ ശ്രമിച്ചതിനാണ് ഈ നടപടി.
ഒരു ചടങ്ങിൽ സംസാരിക്കവെ ആന്റോ അഗസ്റ്റിൻ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. കോടികളുടെ മൂല്യമുള്ള വിവാഹരേഖകളുമായി രണ്ടു യുവാക്കൾ തന്നെ സമീപിച്ചുവെന്നും, കർണാടകയിലെ ബൈന്ദൂർ സബ് രജിസ്ട്രാർ ഓഫീസിൽ ഇതേക്കുറിച്ച് അന്വേഷണം നടത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, ഈ രേഖകൾ തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്തിരുന്നു.
ആന്റോ അഗസ്റ്റിനും മറ്റ് രണ്ടുപേരും ചേർന്ന് ഗൂഢാലോചന നടത്തുകയും, വ്യാജരേഖയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അത് സൂക്ഷിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. കെ.പി.സി.സി വക്താവ് രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാൻ ഡി.ജി.പി നിർദേശം നൽകുകയായിരുന്നു.
സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വ്യാജരേഖ ഉണ്ടാക്കിയവരെ തിരിച്ചറിയണമെന്നും, അവരുടെ കൈവശമുള്ള രേഖകൾ പിടിച്ചെടുക്കണമെന്നും രാജു പി. നായർ താൻ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
