പത്തനംതിട്ട കവിയൂരിൽ കെ.എസ്.ഇ.ബി. ജീവനക്കാർ ടച്ച് വെട്ടിന്റെ (വൈദ്യുതി ലൈനിലേക്ക് വളർന്നുനിൽക്കുന്ന മരച്ചില്ലകൾ വെട്ടുന്നത്) പേരിൽ പ്രവാസിയുടെ വീട്ടുവളപ്പിലെ തെങ്ങുകൾ വ്യാപകമായി വെട്ടിനിരത്തിയതായി പരാതി. കവിയൂർ സ്വദേശിയായ ഡോ. ജേക്കബ് ഉമ്മന്റെ പുരയിടത്തിലെ തെങ്ങുകളാണ് ഇത്തരത്തിൽ വെട്ടിനശിപ്പിച്ചത്. സാധാരണയായി മഴക്കാലത്തിന് മുന്നോടിയായി വൈദ്യുതി ലൈനുകൾക്ക് തടസ്സമാകുന്ന മരച്ചില്ലകൾ വെട്ടിമാറ്റാറുണ്ടെങ്കിലും, ഇവിടെ യാതൊരുവിധ മുൻകൂർ നോട്ടീസും നൽകാതെയാണ് കെ.എസ്.ഇ.ബി. ജീവനക്കാർ ഈ അതിക്രമം കാട്ടിയതെന്ന് വീട്ടുകാർ ആരോപിക്കുന്നു.
വൈദ്യുതി ലൈനിൽ തട്ടുന്ന രീതിയിലുണ്ടായിരുന്ന തെങ്ങോലകൾ വീട്ടുകാർ നേരത്തെ തന്നെ വെട്ടിമാറ്റി സൂക്ഷിച്ചിരുന്നതാണ്. എന്നാൽ, കഴിഞ്ഞദിവസം പറമ്പിലെത്തിയ ജീവനക്കാർ അധികം ഉയരം വെക്കാത്ത ഇനത്തിൽപ്പെട്ട ചെറിയ തെങ്ങുകൾ പോലും പൂർണ്ണമായും വെട്ടിനിരത്തുകയായിരുന്നു. ലൈനിൽ നിന്നും 2.6 മീറ്റർ പരിധിയിലുള്ള മരങ്ങൾ വെട്ടിമാറ്റുമെന്നാണ് കെ.എസ്.ഇ.ബി.യുടെ വാദം. അത് തെങ്ങായാലും പ്ലാവായാലും തേക്കായാലും വെട്ടുമെന്ന നിലപാടിലാണ് അവർ. എന്നാൽ, വീട്ടുകാർ അളന്നുനോക്കിയപ്പോൾ ഈ ദൂരപരിധിക്ക് അപ്പുറത്തുള്ള തെങ്ങുകളും വെട്ടിനശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ ഈ ഏകപക്ഷീയമായ നടപടിക്കെതിരെ ശക്തമായ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഡോ. ജേക്കബ് ഉമ്മനും കുടുംബവും.
