തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥിനികൾക്കും വനിതാ ജീവനക്കാർക്കും ഏറെ ആശ്വാസം നൽകുന്ന സുപ്രധാന പ്രഖ്യാപനങ്ങളുമായി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് സംസ്ഥാനത്തെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി (Menstrual Leave) നൽകുമെന്ന വിപ്ലവാത്മക പ്രഖ്യാപനം ഗവർണർ നടത്തിയത്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ഉന്നമനത്തിനും പ്രാധാന്യം നൽകുന്നതാണ് പുതിയ സർക്കാരിന്റെ നയമെന്ന് വ്യക്തമാക്കുന്നതാണ് ഈ തീരുമാനം.
വിദ്യാഭ്യാസ മേഖലയ്ക്ക് പുറമെ തൊഴിൽ രംഗത്തും വനിതകൾക്കായി വലിയ പ്രഖ്യാപനമുണ്ട്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകൾക്ക് ആറ് മാസത്തെ പ്രസവ അവധി (Maternity Leave) നിർബന്ധമാക്കുമെന്ന് ഗവർണർ അറിയിച്ചു. പ്രസവാനുകൂല്യങ്ങൾ എല്ലാ മേഖലകളിലെയും സ്ത്രീകൾക്ക് ഒരുപോലെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ മേഖലയിലും ഇത് കർശനമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ടുള്ള മറ്റ് ചില പ്രഖ്യാപനങ്ങളും നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായിരുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിന്റെ ആസ്ഥാനങ്ങളാക്കി മാറ്റിയെടുക്കുമെന്നും, വിദ്യാർത്ഥികൾക്ക് എല്ലാ ജില്ലകളിലും ആവശ്യാനുസരണം പ്ലസ് വൺ സീറ്റുകൾ അനുവദിക്കുമെന്നും ഗവർണർ ഉറപ്പുനൽകി. ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
