നാസിക് ടിസിഎസ് പീഡനക്കേസ്: എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിൽ (TCS) നടന്ന വിവാദമായ ലൈംഗികാതിക്രമ, മതപരിവർത്തന കേസിലെ പ്രധാന പ്രതിയായ എച്ച്.ആർ മാനേജർ നിദ ഖാൻ അറസ്റ്റിലായി. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പോലീസ് പിടികൂടിയത്. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തന ശ്രമം എന്നീ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. താൻ ഗർഭിണിയാണെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ കോടതിയെ സമീപിച്ചിരുന്നെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

​ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റിലെ വനിതാ ജീവനക്കാർ നൽകിയ ഞെട്ടിപ്പിക്കുന്ന പരാതികളെത്തുടർന്നാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. വർഷങ്ങളായി തുടരുന്ന ലൈംഗികാതിക്രമങ്ങളും മാനസിക പീഡനങ്ങളും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളും തങ്ങൾ നേരിടുന്നതായി എട്ടോളം വനിതാ ജീവനക്കാരാണ് പോലീസിനെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത പോലീസ്, നിദ ഖാനെ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി വിപുലമായ തിരച്ചിൽ നടത്തിവരികയായിരുന്നു.​

ഈ കേസിൽ നേരത്തെ തന്നെ ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്ആർ മേധാവി അശ്വിനി ചൈനാനി എന്നിവരെ ടിസിഎസ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സ്ഥാപനത്തിനുള്ളിൽ നടന്ന ക്രിമിനൽ പ്രവർത്തനങ്ങളിൽ കർശനമായ നിയമനടപടികളാണ് ഇപ്പോൾ സ്വീകരിച്ചുവരുന്നത്.