ദില്ലി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി എത്തിയ എഐസിസി നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. നിരീക്ഷകരായ അജയ് മാക്കാനും മുകുൾ വാസ്നിക്കും ഇന്ന് രാവിലെ ഖർഗെയുടെ വസതിയിലെത്തിയാണ് നേരിട്ട് റിപ്പോർട്ട് കൈമാറിയത്. സംസ്ഥാനത്തെ നിലവിലെ സാഹചര്യം സങ്കീർണ്ണമാണെന്ന് നിരീക്ഷകർ ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്മേൽ വിശദമായ ചർച്ചകൾ നടക്കുമെന്നും മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അജയ് മാക്കൻ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന രേഖകളുടെ ചിത്രങ്ങൾ മുകുൾ വാസ്നിക് തള്ളി. ഒരു പ്രമുഖ പത്രം പുറത്തുവിട്ടത് യഥാർത്ഥ രേഖയല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. എഐസിസി നിരീക്ഷകരുടെ കൈവശമുണ്ടായിരുന്ന ഔദ്യോഗിക രേഖകളുടെ ചിത്രങ്ങളാണ് പുറത്തുവന്നതെന്ന വാദം അദ്ദേഹം തള്ളിക്കളഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിൽ ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
